ധരിച്ചിക്കുന്ന കുപ്പായത്തിന്റെ നിറം പോലെ തന്നെയാണ് ഇദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനവും. തികച്ചും മഞ്ഞയാണ്, തികഞ്ഞ മഞ്ഞയാണ്. ചില സിനിമകളിൽ ഇത്തരം ചില കഥാപാത്രങ്ങളുണ്ട്. അധർമ്മിയായ മുതലാളിക്ക് വേണ്ടി കവലകളിൽ കറങ്ങി നാട്ടുകാരെ തെറി വിളിച്ചും മെക്കിട്ട് കയറിയും തോട്ടിയിട്ടും അവനവനും മുതലാളിക്കും തല്ലുവാങ്ങി കൊടുക്കുന്ന ചില ചട്ടമ്പികളും തെമ്മാടികളും. അതേ നിലവാരത്തിലാണ് ഇദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനവും. ഒരു മാധ്യമപ്രവർത്തകൻ ഏതു ഭാഷ ഉപയോഗിക്കരുതെന്നും ഏത് തരത്തിൽ നിലപാടെടുക്കരുത് എന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇദ്ദേഹം. വൃത്തിയായി വസ്ത്രം ധരിക്കുന്നവരും അച്ചടിവടിവൊത്ത് സംസാരിക്കുന്നവരും നിലവാരം ഉള്ളവരാണെന്ന് നമ്മൾ തെറ്റിദ്ധരിക്കരുതെന്ന് സാരം.
മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയവും നിലപാടുകളും ഉണ്ടാകാം. ഉണ്ടാകണം. പക്ഷേ അതിനുപയോഗിക്കുന്ന വാക്കുകൾക്ക് മിനിമം മര്യാദ വേണം. അതില്ലാത്ത വെറും രാഷ്ട്രീയ കുഴലൂത്തുകാരനായി മാധ്യമപ്രവർത്തകർ മാറിയാൽ ഇതായിരിക്കും അവസ്ഥ. മലയോര കർഷകരെയും ആദിവാസികളെയും കബളിപ്പിച്ച് കള്ളത്തടി വെട്ടി കാശുണ്ടാക്കി ചാനൽ തുടങ്ങിയാലവിടെ പോയി പണിയെടുക്കാൻ ഒരു മടിയുമില്ലാത്ത ഇയാൾ മറ്റൊരു ചാനലിൽ ആയിരുന്നപ്പോൾ ഈ തടിവെട്ടിനെ പകൽക്കൊള്ള എന്നാണ് വിശേഷിപ്പിച്ചത്. ചാനൽ തുടങ്ങുന്നതോ അവിടെ പണിയെടുക്കുന്നതോ അല്ല, അവർ വന്ന വഴിയെപ്പറ്റി മറ്റൊരു ചാനലിലിരുന്ന് പകൽക്കൊള്ള എന്ന് പറഞ്ഞിട്ട് അതേ പകൽക്കൊള്ളയുടെ വിഹിതം പറ്റുന്നത് ഒരു വിലകുറഞ്ഞ പരിപാടിയല്ലേ? അതിന് നിസ്സാര ഉളുപ്പുകുറവൊന്നും പോരാ.
ഇദ്ദേഹത്തിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് അധികം പറയേണ്ടതില്ല. കക്ഷിയുടെ ആരാധ്യ പുരുഷനായ പിണറായിയെ പോലെ തന്നെ നിലപാട് മാറ്റുന്നതിന് അധികം താമസിക്കില്ല. എന്റെ കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ ഇപ്പോൾ ജോലി ചെയ്യുന്ന 'പകൽക്കൊള്ള' ചാനലിൽ നിന്ന് അതിനേക്കാൾ വലിയ തുക കൊടുത്തു കൊണ്ടുവന്ന് കോൺഗ്രസിന് വേണ്ടി പോസ്റ്റർ ഒട്ടിപ്പിച്ചേനെ. കാരണം പണം കൊടുത്താൽ എന്ത് പണിയും ചെയ്യുന്ന മഹാനാണല്ലോ. നിലപാടെന്ന് പറഞ്ഞാൽ ഇദ്ദേഹത്തിന് പണത്തിനോടുള്ള കടപ്പാട് മാത്രമാണ്. അതിപ്പോൾ കാരണഭൂതന്റെ പി ആർ വർക്കിന് വാങ്ങിയതിനാണെങ്കിൽ കൂടുതൽ കടപ്പാടുണ്ടാകും.
പണ്ടൊരിക്കൽ ഒരു ധ്യാന പ്രസംഗം കേട്ടിട്ടുണ്ട്. 'കുട്ടികൾ നല്ല പ്രവർത്തിയിലൂടെ മാതൃകയാകണം, എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന നിലപാടുകൾ എടുക്കണം, മിടുക്കരാകണം, എല്ലാവരും സംസാരിക്കുന്ന രീതിയിൽ ഒരു സംസാരവിഷയമായി മാറണം' എന്നൊക്കെ. പക്ഷേ പ്രസംഗത്തിന്റെ ആദ്യഭാഗങ്ങൾ കേൾക്കാത്ത വൈകിവന്ന ഒരു കുട്ടി കേട്ടത് 'എല്ലാവരും ശ്രദ്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തണം, അങ്ങനെ എല്ലാവരുടെയും സംസാര വിഷയമാകണം' എന്നാണ്. വികൃതിയും വേണ്ടത്ര ശിക്ഷണം കിട്ടാത്തവനുമായ കുട്ടി എല്ലാവരും ശ്രദ്ധിക്കപ്പെടാൻ തന്റെ കയ്യിൽ എന്തുണ്ടെന്ന് ആലോചിച്ചപ്പോൾ പ്രത്യേകിച്ചൊന്നുമില്ല. തൊട്ടടുത്ത ഞായറാഴ്ച എല്ലാവരാലും ശ്രദ്ധിക്കപ്പെടാൻ തീരുമാനിച്ച കുട്ടി പള്ളിമേടയുടെ മുകളിൽ കയറി നിന്ന് കുർബാന കഴിഞ്ഞ് വരുന്നവരുടെ തലയിലേക്ക് മൂത്രമൊഴിച്ചു കൊണ്ടിരുന്നു. എല്ലാവരും ശ്രദ്ധിച്ചു. എല്ലാവരുടേയും സംസാര വിഷയവുമായി. അതിന്റെ സമ്മാനവും കിട്ടിക്കാണും. ആ കുട്ടിയുടെ നിലവാരത്തിലേക്കാണ് റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ അരുൺകുമാറിന്റെ മാധ്യമപ്രവർത്തനം പോകുന്നത്.
പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്സിനേയും യുഡിഎഫിനേയും ആക്ഷേപിക്കുന്ന വ്യാജ വർത്തമാനങ്ങൾ പറഞ്ഞതിനെ തുടർന്നാണ് ഇവരെ ബഹിഷ്കരിച്ചത്. അശ്ലീല തമാശകളും ഷിരൂരിലെ മണ്ണിടിച്ചിലിൽ ഇയാളും ഒരു ഇസ്രായേലിയും നടത്തിയ കോപ്രായങ്ങങ്ങളും ഞങ്ങൾ മറന്നിട്ടില്ല. ഉളുപ്പുള്ള ചാനലുകൾ പറ്റിപ്പോയ അബദ്ധത്തിൽ ഖേദം പറഞ്ഞെങ്കിലും ഇവരൊക്കെ യാതൊരു ഉളുപ്പുമില്ലാതെ പരിപാടി തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു മാധ്യമ സ്ഥാപനത്തിന്റെ മറവിലിരുന്നുകൊണ്ട് നിരന്തരം മനപ്പൂർവം കോൺഗ്രസ്സിനേയും യുഡിഎഫിനേയും ആക്ഷേപിക്കുക, എന്നിട്ട് അതിൽ തുടരുക. നിങ്ങൾക്കിതിനൊക്കെ ദിവസക്കൂലിയോ മാസക്കൂലിയോ?
ഈ മര്യാദയില്ലായ്മ കൊണ്ടാണ് കോൺഗ്രസ് ഇവരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പരമാവധി ശ്രദ്ധയാകർഷിക്കാൻ യൂത്ത് കോൺഗ്രസ്സിനെ ആക്ഷേപിച്ച പോലെ ഡിവൈഎഫ്ഐ യേയും യുവമോർച്ചയേയും ആക്ഷേപിക്കില്ല. കാരണം അവരുടെ കയ്യിൽ 'രക്ഷാപ്രവർത്തന'മുണ്ട്. യൂത്ത് കോൺഗ്രസ്സ് കായികമായ രക്ഷാപ്രവർത്തനം നടത്തില്ല എന്നുള്ള അധിക ധൈര്യത്തിലാണ് ഈ പണി നടത്തുന്നതെങ്കിൽ എല്ലാ യൂത്ത് കോൺഗ്രസ്സുകാരുടെയും ക്ഷമയുടെ നെല്ലിപ്പലക ഒരേ അളവിൽ തന്നെയായിരിക്കണം എന്നില്ല. അതുകൊണ്ട് ആശയങ്ങൾ പോലെതന്നെ വെവ്വേറെ വഴി പോകുന്നതല്ലേ നല്ലത്. വ്യാജം പറഞ്ഞ് ആഷേപിക്കാതെയും വിമർശനവും മാധ്യമ പ്രവർത്തനവും ആകാമല്ലോ.
ഈ കെട്ട കാലത്തും മോദി - പിണറായി ഇരട്ടയെഞ്ചിൻ ജനദ്രോഹ സർക്കാരുകൾക്കെതിരെ നിലപാടെടുത്ത് സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുത്. എത്ര ജീവൻരക്ഷാ പ്രവർത്തനം നേരിട്ടാലും നിലപാട് മാറ്റാതെ സമരസജ്ജരായ ചെറുപ്പക്കാരെ വൃത്തികേടുകൾ പറഞ്ഞു കൊഞ്ഞനം കാണിക്കരുത്. കഴിഞ്ഞ ഒൻപത് കൊല്ലമായി വെറുതെയിരുന്ന് പൂപ്പൽ പിടിക്കുന്ന ഡിവൈഎഫ്ഐ എവിടെയാണെന്ന് അന്വേഷിക്കടോ. അതും ഒരു അന്വേഷണാത്മക മാഅഥമ പ്രവർത്തനമാണല്ലോ. ലക്ഷങ്ങൾ ശമ്പളം വാങ്ങി ശീതീകരിച്ച മുറിയിലിരുന്ന് നാട്ടുകാരുടെ മുഴുവൻ കുറ്റവും കുറവും വിളമ്പി തൃപ്തിയടയുന്ന പോലെ അത്ര സുഖമുള്ള പണിയല്ല പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം. ചാനൽ ഫ്ലോറിലിരുന്ന് കാരണഭൂതന്റെ പി ആർ വർക്ക് നടത്തുന്നത്ര സുഖമുള്ളതല്ല ജനപക്ഷ പ്രതിരോധ പ്രവർത്തനം. നിങ്ങൾ താരാട്ടിയത് കൊണ്ടോ പാലൂട്ടിയത് കൊണ്ടോ അല്ല കോൺഗ്രസ് സമരസജ്ജമായി നിലനിന്നത്. പറ്റുമെങ്കിൽ ഒരു ദിവസം ഇറങ്ങി നടക്ക് മനുഷ്യരിലേക്ക്... മാർക്സിസ്റ്റുകാരിലേക്കല്ല.
Dr. Jintro John's note against Arunkumar's compounded journalism